
ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ വന്‍ ജനകീയ പ്രക്ഷോഭം. അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി)യുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സര്‍ക്കാരിനെതിരെയാണ് ജനം പ്രതിഷേധിക്കുന്നത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രതിഷേധങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന പാതകളില്‍ ചിലത് അടച്ചു. സ്ഥാപനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. പ്രാദേശിക സുരക്ഷാ സേനയ്ക്ക് പിന്തുണ നല്‍കാന്‍ ഇസ്ലാമാബാദില്‍നിന്ന് 1,000 പൊലീസ് ഉദ്യോഗസ്ഥരെ കൂടി അയച്ചിട്ടുണ്ട്.
പാക്കിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്കായി പാക്ക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ പ്രക്ഷോഭം. സബ്സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നുവെങ്കിലും അതെല്ലാം പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്.
70 വര്‍ഷത്തിലധികമായി ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഈ പ്രതിഷേധമെന്ന് എഎസി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു.