
ഇസ്‌ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ അവാമി ആക്ഷൻ കമ്മിറ്റി(എഎസി) യുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം. പാകിസ്താനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെയാണ് പ്രക്ഷോഭം. പ്രക്ഷോഭത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ പൊലീസിനെ വിന്യാസിക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്നതിനാൽ കശ്മീരി അഭയാർത്ഥികൾക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ച 12 സീറ്റുകൾ നിർത്തലാക്കണമെന്നും പ്രാദേശികമായി പ്രയോജനകരമാകുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പുനഃരാലോചിക്കണമെന്നും അവാമി ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
70 വർഷത്തിലധികമായി നിഷേധിക്കുന്ന മൗലിക അവകാശങ്ങൾക്ക് വേണ്ടിയാണ് പ്രക്ഷോഭം. പ്രതിഷേധങ്ങൾ ഒരു സ്ഥാപനത്തിനും എതിരല്ല. ഒന്നുകിൽ അവകാശങ്ങൾ അനുവദിക്കണം അല്ലെങ്കിൽ ഈ ജനരോഷത്തെ നേരിടണമെന്നും അവാമി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ വ്യക്തമാക്കി. എഎസിയുടെ നേതൃത്വത്തിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് ദേശീയ മാധ്യമങ്ങളും പ്രതിഷേധം ആദ്യ ചുവട് മാത്രമാണെന്നും മറ്റ് നീക്കങ്ങൾക്കായി പ്രക്ഷോഭകർ പദ്ധതിയിടുന്നതായും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.