
കൊച്ചി: ചിന്നക്കനാലില്‍ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് പുതിയ കുരുക്ക്. വിജിലൻസ് അന്വേഷണം നടക്കുന്ന കേസിൽ ഇപ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും അന്വേഷണം തുടങ്ങി. ചിന്നക്കനാലില്‍ റിസോർട്ട് നിർമാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നതടക്കമുള്ള ആരോപണങ്ങളിലാണ് മാത്യു കുഴല്‍നാടനെതിരെ ഇ ഡിയും അന്വേഷണം തുടങ്ങിയത്. ചിന്നക്കനാലിൽ എംഎൽഎ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ഇ ഡി അന്വേഷിക്കുന്നത്.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഇ ഡി വിശദമായി പരിശോധിക്കും. ഇതിനായി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിൽനിന്ന് ഇ ഡി ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങി എന്നാണ് വ്യക്തമാകുന്നത്. മാത്യു കുഴല്‍നാടനെയും ഉടൻ തന്നെ ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് ഇ ഡി വൈകാതെ നൽകുമെന്നാണ് വിവരം.
സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു വകുപ്പ് മാത്യു കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേസന്വേഷണത്തിന് ഇ ഡി കൂടി എത്തുന്നത്. അതേസമയം ഏത് അന്വേഷണം നേരിടാനും തയാറാണെന്നും ഇ ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.