ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നുവെന്ന് മേയർ ഫേസ്ബുക്കിൽ കുറിച്ചു. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയമെന്നും മേയർ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ – അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ – ജനങ്ങളെ മുൻനിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം!
Mayor Arya Rajendran congratulates Mamdani; cordially invites her to Thiruvananthapuram















