തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തന്നെ തഴഞ്ഞതില്‍ കടുത്ത അതൃപ്തിയില്‍ ലാലി ജെയിംസ്. മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനായുള്ള വിപ്പ് ലാലി ജെയിംസ് കൈപ്പറ്റിയില്ല. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിച്ചിരിക്കുന്നത്. പ്രസ്ഥാനത്തിനായി നാളിതുവരെ നിലകൊണ്ട തനിക്ക് അര്‍ഹതപ്പെട്ടതായിരുന്നു മേയര്‍ പദവിയെന്ന് ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
മേയറെ തീരുമാനിക്കുമ്പോള്‍ ചില നേതാക്കള്‍ക്ക് ചില പ്രത്യേക താത്പര്യങ്ങളുണ്ടായി. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. തന്നെ മേയർ ആക്കില്ലെന്ന് അറിഞ്ഞപ്പോൾ തേറമ്പലിനെ പോയി കണ്ടിരുന്നു.
തന്റെ മകൾ തേറമ്പിലിനോട് വേദനയോടുകൂടി ചോദിച്ചപ്പോൾ ചങ്ക് പിടഞ്ഞു പോയി. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ടന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി തുടങ്ങിയ നേതാക്കള്‍ക്ക് തൃശ്ശൂര്‍ നഗരത്തില്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മറ്റും അറിയാതെ പോയതില്‍ വിഷമമുണ്ടെന്ന് ലാലി പറഞ്ഞു. ടേം വ്യവസ്ഥയില്‍ മേയറാകുന്നതിനോട് യോജിപ്പില്ല. തൃശ്ശൂരിനെ അഞ്ച് വര്‍ഷവും നയിക്കാന്‍ ഒരാള്‍ വേണം. താനിനി മേയറാകാനോ സ്റ്റാന്റിംഗ് കമ്മിറ്റിയിലിരിക്കാനോ മറ്റൊരു പദവിയിലിരിക്കാനോ ഇല്ലെന്നും ലാലി കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായി ആദ്യം ലാലി ജെംയിസിന്റെ പേരാണ് ഉയര്‍ന്നതെങ്കിലും പിന്നീട് അപ്രതീക്ഷിതമായി നിജി ജസ്റ്റിന്റെ പേര് ഉയരുകയായിരുന്നു. അതേസമയം, പാർട്ടി തീരുമാനമെന്നും പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിർവഹിക്കുമെന്നും നിയുക്ത മേയർ ഡോ. നിജി ജസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
Mayor of Thrissur; Lally James is very dissatisfied and comes forward with allegations














