വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാധ്യമങ്ങളെ വിലക്കി: പ്രതിഷേധം, പത്രപ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയിലേക്ക്

ഗുരുവായൂര്‍: വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാധ്യമങ്ങളെ വിലക്കിയതില്‍ പ്രതിഷേധം. ക്ഷേത്രത്തിലെ നടപ്പന്തലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയെ സമീപിക്കും. ക്ഷേത്ര പരിസരത്തേക്ക് പോലും മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. തൊഴിലെടുക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ അവകാശത്തിന് ദേവസ്വം അധികൃതര്‍ തടയിട്ടെന്നാരോപിച്ച് ശക്തമായ പ്രതിഷേധിച്ചു.

അതേസമയം, ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണം. കഴിഞ്ഞദിവസം ഒരു വ്യക്തി
നടപ്പന്തലില്‍ റീല്‍സ് ചിത്രീകരിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതാണ് മാധ്യമങ്ങളെ വിലക്കിയതിനു പിന്നിലെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.

എന്നാല്‍, ശബരിമലയില്‍ പോലും വാര്‍ത്താ ശേഖരണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായിക്കുന്ന രീതി നിലനില്‍ക്കുമ്പോഴാണ് ഗുരുവായൂരിലെ ഈ നീക്കമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.