
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൻ്റെ തിരച്ചിൽ വൈകിയതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ. മന്ത്രിമാർക്ക് കെട്ടിടാവശിഷ്‌ടങ്ങളുടെ അടിയിൽ ആരുമില്ലെന്ന വിവരം കൈമാറിയത് താനാണെന്നും സംഭവസ്ഥലത്ത് എത്തിയപ്പോൾ കിട്ടിയ പ്രാഥമിക വിവരമാണ് മന്ത്രിമാർക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തകർന്ന ഭാഗമുള്ള കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിർത്തിവെക്കുക സാധ്യമായിരുന്നില്ല. ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകൾ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തിരുന്നുവെന്നും എന്നാൽ കെട്ടിടത്തിൽനിന്നും ആളുകളെ പൂർണമായും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. സർജിക്കൽ ബ്ലോക്കും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും അടങ്ങുന്ന ഈ കെട്ടിടം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്‌ബി വഴി 2018-ൽ 536 കോടിരൂപ അനുവദിച്ചിരുന്നു. എന്നാലും പ്രളയവും കോവിഡും കാരണമാണ് സമയബന്ധിതമായി പണി പൂർത്തിയാക്കാൻ സാധിക്കാഞ്ഞതെന്നും 2021 അവസാനത്തോടെയാണ് പുതിയ കെട്ടിടത്തിൻ്റെ പണി തുടങ്ങിയതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
അപകടത്തിന് പിന്നാലെതന്നെ, ഏകദേശം 10 മിനിറ്റിനുള്ളിൽ രണ്ടുനിലകളിലായി ഉണ്ടായിരുന്ന നൂറോളം രോഗികളെ അവിടെനിന്നും മാറ്റാനായെന്നും മൊത്തം 330 രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം ആരംഭിച്ച ഉടൻതന്നെ മുറികളിൽ കുടുങ്ങിയിരുന്ന രണ്ടുപേരെ കണ്ടെത്താനും പുറത്തെത്തിക്കാനും സാധിച്ചു. മരിച്ച ബിന്ദു രണ്ട് തൂണുകൾക്കിടയിൽപെട്ട സ്ഥിതിയിലായിരുന്നു. അതിനുമുകളിലായി കെട്ടിടാവശിഷ്ടങ്ങളും വീണിരുന്നു. 11.30-ഓടെ സ്ഥലത്തെത്തിയ രണ്ട് ജെസിബികൾ ഉപയോഗിച്ച് അവശിഷ്‌ടങ്ങളും തൂണുകളും മാറ്റിയപ്പോഴാണ് യുവതിയുടെ ശരീരം കണ്ടെത്തിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കെട്ടിടം വ്യാഴാഴ്‌ച പകൽ 10.50 ന് തകർന്നുവീണ ഉടൻ തന്നെ ആശുപത്രി അധികാരികളെല്ലാം സംഭവസ്ഥലത്തെത്തി കെട്ടിടത്തിനുള്ളിൽ ആളുണ്ടോ എന്ന പരിശോധിക്കുകയും 11 മണിക്ക് തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. 11.15-ഓടെയാണ് മന്ത്രി വി.എൻ. വാസവനും തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും സ്ഥലത്തെത്തി.