ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ അനുകരിച്ച് ഗാസയിലെ ഒരു പലസ്തീൻ ബാലൻ സോഷ്യൽ മീഡിയയിൽ താരമായി. കറുത്ത പാന്റും വെള്ള ഷർട്ടും ധരിച്ച് മുഖത്ത് മീശയും താടിയും വരച്ച ‘മംദാനി ലുക്കി’ൽ കൂടാരത്തിൽനിന്ന് പുറത്തേക്ക് വരുന്ന കുട്ടി, എല്ലാവരെയും ഷേക്ക് ഹാൻഡ് കൊടുത്ത് അഭിവാദ്യം ചെയ്യുന്നു. പിന്നീടൊരാൾ കുട്ടിയെ തോളിലേറ്റി ആഘോഷിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ‘ഗാസയിലെ കൊച്ചു സൊഹ്റാൻ മംദാനി’ എന്ന വിളിപ്പേരോടെ വീഡിയോ വൈറലായി.
സൊഹ്റാൻ മംദാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പലസ്തീൻ അനുകൂല നിലപാടുകൾ ഉയർത്തിപ്പിടിച്ചത് ഗാസയിലെ ജനങ്ങൾക്ക് പ്രതീക്ഷ നൽകിയിരുന്നു. ആ പ്രതീക്ഷയുടെ പ്രതിഫലനമാണ് ഈ കുട്ടിയുടെ വീഡിയോയെന്ന് നിരവധി കമൻ്റുകൾ. ‘മംദാനി നേരിട്ട് വന്ന് ഈ കുട്ടിയെ കാണണം’ എന്നാണ് ഭൂരിപക്ഷം ആവശ്യം. ‘ഈ ബാലന് ജീവിതത്തിൽ ഒരു പ്രതീക്ഷ നൽകി മംദാനി’ എന്നൊരു കമൻ്റ് വൈറലായി. ന്യൂയോർക്കിലെ ചരിത്രവിജയത്തിന് പിന്നാലെ ഗാസയിൽനിന്നുള്ള ഈ ആഘോഷം മംദാനിക്ക് ലോകവ്യാപക പിന്തുണയുടെ തെളിവാണ്.
മംദാനിയുടെ വിജയം ദക്ഷിണേഷ്യൻ വംശജർക്കും പലസ്തീൻ ജനതയ്ക്കും ഒരുപോലെ ആവേശമായി. ഗാസയിലെ യുദ്ധഭീതിയിൽപ്പോലും കുട്ടികൾ മംദാനിയെ ആഘോഷിക്കുന്നത് ഹൃദയസ്പർശിയാണെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ. വീഡിയോയ്ക്ക് താഴെ നൂറുകണക്കിന് കമൻ്റുകളാണ് എത്തുന്നത്. മംദാനിയുടെ നിലപാടുകൾ ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവർക്ക് പ്രചോദനമാകുന്നുവെന്ന് ഇത് വീണ്ടും തെളിയിക്കുന്നു.














