
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് മൂന്നു വൻകിട ബാങ്കുകളെ മാത്രം നിലനിർത്താനുള്ള മെഗാ ബാങ്ക് ലയന പദ്ധതിയിൽ തൊഴിൽ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ ബാങ്കിംഗ് മേഖലയിലെ തൊഴിലാളികൾ. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളെ മെഗാ ബാങ്ക് ലയന പദ്ധതി വഴി മൂന്നാക്കി ചുരുക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറാബാങ്ക് എന്നിവയിൽ ലയിപ്പിക്കാനാണ് നീക്കം.
അടുത്ത സാമ്പത്തികവർഷത്തിൻ്റെ അവസാനത്തോടെ മെഗാ ബാങ്ക് ലയന പദ്ധതിയ്ക്ക് തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ബാങ്ക് ഓഫ് മഹാരാഷ്ട്ര ജീവനക്കാർ മാധ്യമ റിപ്പോർട്ടുകളിൽ ഔദ്യോഗിക വിശദീകരണം ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമന് കത്തുനൽകി. ലാഭത്തിലും വായ്‌പാവളർച്ചയിലും ഏറെ മുന്നിലുള്ള ബാങ്കിനെ ലയിപ്പിക്കേണ്ട സാഹചര്യമെന്താണെന്നും എംപ്ലോയീസ് ആൻഡ് ഓഫീസേഴ്സ് ഫെഡറേഷൻ ചോദിച്ചു.
Mega bank merger plan; Employees worried about job losses