
ശ്രീനഗർ: ജമ്മു കശ്മീരിലെ പുതിയ സംവരണ നയത്തിനെതിരെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ശ്രീനഗറിൽ വീട്ടുതടങ്കലിലാക്കി. ശ്രീനഗറിലെ ഗുപ്കർ റോഡിൽ വിദ്യാർത്ഥികൾ നടത്താനിരുന്ന സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാനാണ് അധികൃതർ ഈ നടപടി സ്വീകരിച്ചത്.
മെഹബൂബ മുഫ്തിയെ കൂടാതെ മകൾ ഇൽതിജ മുഫ്തി, നാഷണൽ കോൺഫറൻസ് എം.പി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, പി.ഡി.പി നേതാവ് വഹീദ് പര, മുൻ ശ്രീനഗർ മേയർ ജുനൈദ് മാട്ടൂ എന്നിവരെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ നിലവിലെ കോട്ടാ പോളിസി പുനഃപരിശോധിക്കുന്നതിലെ കാലതാമസത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഈ വിഷയത്തിൽ ഒമർ അബ്ദുള്ള സർക്കാരിൻ്റെ മെല്ലെപ്പോക്കിനെ രാഷ്ട്രീയ നേതാക്കൾ വിമർശിച്ചിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടിയാണിതെന്ന് രാഷ്ട്രീയ നേതാക്കൾ ആരോപിച്ചു.
Mehbooba Mufti and her daughter under house arrest.













