
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മുങ്ങിയ വ്യവസായി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍വെച്ച് അറസ്റ്റിലായിരുന്നു. മെഹുല്‍ ചോക്സിയുടെ അറസ്റ്റ് ഇന്ത്യന്‍ ഏജന്‍സികള്‍ ഏഴ് വര്‍ഷത്തിലേറെയായി നടത്തിയ തുടര്‍ച്ചയായ അന്വേഷണത്തിന്റെയും മൂന്ന് രാജ്യങ്ങളിലായി നിരവധി തിരിച്ചടികള്‍ നേരിട്ടതിന്റെയും ഫലമാണ്.
ഗീതാഞ്ജലി ഗ്രൂപ്പ് ഉടമയായ മെഹുലിനൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 12,636 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായതിന്, ബന്ധുവായ നീരവ് മോദി, ഭാര്യ ആമി മോദി, സഹോദരന്‍ നിഷാല്‍ മോദി എന്നിവരും കുറ്റാരോപിതരാണ്.
വന്‍ തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, 2018 ല്‍ അറുപത്തിയഞ്ച് കാരനായ ചോക്സി ഇന്ത്യയില്‍ നിന്ന് കടന്നുകളയുകയായിരുന്നു. നിക്ഷേപ പരിപാടിയിലൂടെ പൗരത്വം നേടി ആന്റിഗ്വ ദ്വീപിലേക്ക് എത്തി. 2021 ല്‍, അനധികൃതമായി കടന്നതിന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ചോക്സിയെ അറസ്റ്റ് ചെയ്തു. എന്നാല്‍, ചികിത്സയ്ക്കായി ആന്റിഗ്വയിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് ചോക്സിയുടെ അഭിഭാഷകര്‍ ഡൊമിനിക്കന്‍ കോടതിയോട് പറഞ്ഞു, പിന്നീട് വിചാരണ നേരിടാന്‍ അദ്ദേഹം മടങ്ങിവരുമെന്ന് ഉറപ്പുനല്‍കി. 51 ദിവസത്തെ ജയില്‍വാസത്തിന് ശേഷം, ബ്രിട്ടീഷ് രാജ്ഞിയുടെ പ്രിവി കൗണ്‍സിലില്‍ നിന്ന് ചോക്‌സിക്ക് ഇളവ് ലഭിച്ചു. അദ്ദേഹം ആന്റിഗ്വയിലേക്ക് മടങ്ങി.
ഈ സമയമത്രയും സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം, അദ്ദേഹം ബെല്‍ജിയത്തിലാണെന്ന് മനസ്സിലാക്കിയതോടെ, അവര്‍ അവിടത്തെ ഏജന്‍സികളെ അറിയിച്ച് മെഹുലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കിയതോടെ ശനിയാഴ്ച ബെല്‍ജിയന്‍ പൊലീസ് ചോക്‌സിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മെഹുല്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ചോക്‌സിയുടെ ഭാര്യ പ്രീതി ഒരു ബെല്‍ജിയന്‍ പൗരയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബെല്‍ജിയത്തില്‍ റെസിഡന്‍സി കാര്‍ഡ് ലഭിക്കുന്നതിന് ചോക്‌സി വ്യാജ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. താന്‍ ഇന്ത്യയിലെയും ആന്റിഗ്വയിലെയും പൗരനാണെന്ന വിവരവും അദ്ദേഹം മറച്ചുവച്ചു.
ഫെബ്രുവരിയില്‍, രക്താര്‍ബുദ ചികിത്സയ്ക്കായി ബെല്‍ജിയത്തിലായതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് ചോക്‌സിയുടെ അഭിഭാഷകന്‍ മുംബൈ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ഏജന്‍സികളുമായി സഹകരിക്കാനും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതികളില്‍ ഹാജരാകാനും തയ്യാറാണെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഈ നിര്‍ദ്ദേശം ഏജന്‍സികള്‍ നിരസിക്കുകയും അദ്ദേഹത്തെ കൈമാറുന്നതിനായി ശ്രമം തുടരുകയും ചെയ്തു. ഈ ശ്രമങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അറസ്റ്റില്‍ കലാശിച്ചത്.










