
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസിൽ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ ഇന്ത്യക്ക് കൈമാറാൻ നിയമപരമായ തടസമില്ലെന്ന് ബെൽജിയം കോടതി. ഇന്ത്യക്ക് കൈമാറരുതെന്ന് കാട്ടി മെഹുൽ ചോക്സി നൽകിയ അപ്പീൽ തള്ളിയാണ് ബെൽജിയത്തിലെ പരമോന്നത കോടതി – കോടതി ഓഫ് കാസേഷൻ ഇന്ത്യക്ക് അനുകൂല നിലപാടെടുത്തത്.
ഇന്ത്യക്ക് കൈമാറിയാൽ നീതി നിഷേധിക്കൽ, പീഡനം, മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം എന്നിവ നേടിരേണ്ടി വരുമെന്നായിരുന്നു ചോക്സിയുടെ അവകാശവാദം. എന്നാൽ ഈ വാദങ്ങൾക്ക് യാതൊരു അടിത്തറയുമില്ലെന്ന കീഴ്‌ക്കോടതിയുടെ വീക്ഷണത്തെ അംഗീകരിച്ചുകൊണ്ടാണ് ബുധനാഴ്ച അപ്പീൽ തള്ളിയത്.
അതേസമയം, മെഹുൽ ചോക്സിയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ മുംബൈയിലെ പ്രത്യേക കോടതി നവംബറിൽ അനുമതി നൽകിയിരുന്നു. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഉടമസ്‌ഥതയിലുള്ള 46 കോടി രൂപ വിലവരുന്ന വസ്തുവകകൾ ലേലം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ലേലത്തിൽ നിന്ന് കിട്ടുന്ന തുക കോടതിയുടെ പേരിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. ഫ്ലാറ്റുകൾ, രത്നങ്ങൾ ഉൾപ്പെടെ 13 വസ്‌തുവകകളാണ് ലേലത്തിനുള്ളത്.
Mehul Choksi’s appeal rejected by Belgian court, to be extradited to India















