
വാഷിംഗ്ടൺ: യുഎസ് നീതിന്യായ വകുന്ന് വെള്ളിയാഴ്ച പുറത്തുവിട്ട എപ്സ്റ്റീൻ ഫയലിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പത്നി മെലാനിയ ട്രംപിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്ന ഹോളിവുഡ് സംവിധായകൻ ബ്രെറ്റ് റാറ്റ്‌നറും. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സഹായിയായിരുന്ന ജീൻ-ലൂക്ക് ബ്രൂണലിനൊപ്പം ബ്രെറ്റ് റാറ്റ്‌നറും നിൽക്കുന്ന ചിത്രമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഫയലുകളിൽ ബ്രെറ്റ് റാറ്റ്‌നറുടെ ചിത്രം ഉൾപ്പെട്ടു എന്നത് അദ്ദേഹത്തിന് എപ്സ്റ്റീൻ ശൃംഖലയുമായുള്ള ബന്ധത്തെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
തീയതിയോ സ്ഥലമോ വ്യക്തമല്ലാത്ത ഈ ചിത്രത്തിൽ, ജീൻ-ലൂക്ക് ബ്രൂണലിനെ റാറ്റ്‌നർ കെട്ടിപ്പിടിച്ചു നിൽക്കുന്നതായാണ് കാണപ്പെടുന്നത്. എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഫ്രഞ്ച് മോഡലിംഗ് ഏജന്റാണ് ബ്രൂണൽ. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കുറ്റം ചുമത്തപ്പെട്ട ഇയാൾ 2022-ൽ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തു. ന്യൂയോർക്കിലും ഫ്രാൻസിലും സമർപ്പിച്ച രേഖകളിൽ എപ്സ്റ്റീന്റെ പ്രോസിക്യൂഷനിലെ പരാതിക്കാരിയായ വെർജീനിയ ജിഫ്രെ, ബ്രൂണലിന്റെ പേര് മുമ്പ് പരാമർശിച്ചിരുന്നു. പ്രായപൂർത്തിയാകാത്തപ്പോൾ ബ്രൂണലുമായി വിവിധ അവസരങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അവർ വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ജിഫ്രെയും ആത്മഹത്യ ചെയ്തിരുന്നു.
മെലാനിയ ഡോക്യുമെന്ററി
‘മെലാനിയ’ (Melania) എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററി, 2025 ജനുവരിയിലെ രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പുള്ള 20 ദിവസങ്ങളെക്കുറിച്ചുള്ളതാണ്. 2026 ജനുവരി 30-ന് ചിത്രം തിയേറ്ററുകളിലും തുടർന്ന് ആമസോൺ പ്രൈമിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
മൂന്ന് പാർട്ടുകളിലായി ഇറങ്ങിയ ‘റഷ് അവർ’ (Rush Hour) സിനിമകളുടെ സംവിധായകനായ റാറ്റ്‌നർക്കെതിരെ 2017-ൽ അമേരിക്കൻ നടി ഒലിവിയ മുൻ ഉൾപ്പെടെ ആറോളം സ്ത്രീകൾ ലൈംഗിക അതിക്രമ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് വർഷങ്ങളോളം സിനിമാ ജീവിതത്തിൽ നിന്നും വിട്ടുനിന്ന റാറ്റ്‌നർ മെലാനിയ ഡോക്യുമെന്ററിയിലൂടെയാണ് സിനിമാരംഗത്തേക്ക് തിരിച്ചുവരുന്നത്.
‘Melania’ documentary director Brett Ratner with Epstein’s assistant Jean-Luc Brunel














