അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് സെപ്റ്റംബർ 4-ന് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഡിന്നറിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിൻ്റെ ഒരു പെരുമാറ്റം മെലാനിയ ട്രംപിന് അതൃപ്തിയായെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ടെക് കമ്പനികളുടെ തലവന്മാരെ ക്ഷണിച്ചിരുന്ന ഈ വിരുന്നിൽ, എങ്ങനെ കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് അമേരിക്കയെ നവീനതയുടെ മുന്നിലേക്കെത്തിക്കാമെന്നതാണ് പ്രധാന വിഷയം.
ഡിന്നറിനിടെ ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, അദ്ദേഹത്തിന് സമീപം ഇരുന്ന സുക്കർബർഗ് മറ്റൊരാളുമായി സംസാരിച്ചതാണ് സംഭവം. സുക്കർബർഗ് മറ്റൊരാളുമായി സംസാരിക്കുന്നത് ശ്രദ്ധിച്ച മെലാനിയയുടെ മുഖത്ത് അതൃപ്തി പ്രകടമായി എന്ന് പുറത്തായ വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇപ്പോൾ വലിയ ചർച്ചയാണ്. പ്രസിഡന്റ് സംസാരിക്കുമ്പോൾ മറ്റാരും സംസാരിക്കേണ്ടതല്ല. മെലാനിയയേത് ശ്രദ്ധിച്ചു, അവൾക്കത് ഇഷ്ടമായില്ല എന്നാണ് ഒരാൾ കുറിച്ചത്.
വീഡിയോയ്ക്ക് ഏകദേശം 20 ലക്ഷത്തിലധികം കാഴ്ചകളും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു. സുക്കർബർഗിനെയും മെലാനിയയെയും പ്രശംസിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.അതേസമയം, ഇതെല്ലാം നടന്നു കൊണ്ടിരിക്കുമ്പോൾ, മെലാനിയയ്ക്കടുത്ത് നിന്നിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, പ്രസിഡന്റ് ട്രംപിന്റെ പ്രസംഗത്തിനിടെ മുഴുവൻ സമയവും അദ്ദേഹത്തെ നോക്കി സാവധാനം പുഞ്ചിരിച്ചുകൊണ്ടിരുന്നത് ഏറെ ശ്രദ്ധേയമായി.











