
കാലം ഇത്രയൊക്കെ മുന്നോട്ട് പോയിട്ടും ഇന്നും ആർത്തവത്തിന് അയിത്തം കൽപ്പിക്കുന്നവരുണ്ടെന്ന ഞെട്ടലിലാണ് പുരോഗമന ചിന്താഗതിയുള്ളവരെല്ലാം. ഇക്കൂട്ടത്തിൽ ഏറ്റവും പുതിതായി പുറത്തുവന്ന വാർത്ത തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചു എന്നതാണ്. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു.
തുടർച്ചയായി രണ്ട് ദിവസം പട്ടികജാതിക്കാരിയായ കുട്ടിയെ സ്റ്റെപ്പിൽ ഇരുത്തി പരീക്ഷ എഴുതിച്ചെന്നാണ് പരാതി. കോയമ്പത്തൂർ സെൻഗുട്ടയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്. ആർത്തവമായതിനാൽ പ്രിൻസിപ്പാലാണ് തന്നെ പുറത്താക്കിയതെന്നാണ് പെൺകുട്ടി പറഞ്ഞത്.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ പ്രവൃത്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ കുട്ടിയെ ഒറ്റയ്ക്കിരുത്തി പരീക്ഷയെഴുതിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടതായാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിക്കാൻ പ്രിൻസിപ്പൽ നിർബന്ധിക്കുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം സംഭവത്തിൽ പൊള്ളാച്ചി എ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.