
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ കൊച്ചി ഓഫിസിലെ സെക്ഷന്‍ ഓഫിസർ വെണ്ണല ചളിക്കവട്ടം പയ്യപ്പള്ളിവീട്ടിൽ ജോളി മധു (56) മധു മരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് മരണം. തൊഴിലിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദമാണ് മരണകാരണം എന്ന് കുടുംബം ആരോപിച്ചു. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫിസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
ബോർഡിലെ മുൻ സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയും രണ്ടു വിജിലൻസ് കേസുകളിൽ പ്രതിയാക്കുകയും ചെയ്‌തതാണ് ജോളി രോഗിയാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഓഫിസിലെ തൊഴില്‍ പീഡനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായി. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമറേജ് ബാധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.
പദ്ധതികളിലും ഇടപാടുകളിലും അഴിമതിയും ക്രമക്കേടുകളും ജോളി കണ്ടെത്തി ഫയലിൽ രേഖപ്പെടുത്തിയിരുന്നു. ആന്ധ്രപ്രദേശിലേക്ക് സ്ഥലംമാറ്റിയപ്പോൾ ക്യാൻസർ ബാധിച്ചത് കാണിച്ച് കഴിഞ്ഞ ഒക്ടോബറിൽ അവധിക്ക് അപേക്ഷിച്ചെങ്കിലും നിരസിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ബോർഡ് മെഡിക്കൽ അവധി നൽകിയ ശേഷമാണ് അവധി അനുവദിച്ചത്. തുടർന്ന് സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും സെക്രട്ടറി ഉൾപ്പെടെയുള്ളവരോട് മാപ്പു പറഞ്ഞില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
ജോളിയുടെ മരണത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിച്ച് കേന്ദ്ര എം എസ് എം ഇ (മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) മന്ത്രാലയം ഉ ത്തരവിട്ടു. ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയാണ് രൂപീകരിച്ചത്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കയർ ബോർഡ് നിർദേശം നൽകിയത്.
ബോർഡിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ വിപുൽ ഗോയൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. 1996ലാണ് എൽ.ഡി ക്ളർക്കായി ജോളി മധു ജോലിയിൽ പ്രവേശിച്ചത്. ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയിലേക്ക് സ്ഥലം മാറ്റിയത് ഭരണപരമായ നടപടിയാണ്. ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലംമാറ്റം റദ്ദാക്കുകയും ശമ്പളക്കുടിശിക നൽകുകയും ചെയ്‌തു. ബോർഡിൽ വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Mental harassment at workplace Coir Board official dies of brain trauma