
തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ സാക്ഷാൽ ലയണൽ മെസിയുടെ അർജന്‍റീന കേരളത്തിൽ പന്തുതട്ടാനെത്തുമോ? കേരളത്തിലെ കാൽപ്പന്ത് പ്രേമികൾ കഴിഞ്ഞ കുറേകാലമായി ചോദിക്കുന്ന ചോദ്യത്തിന് അന്തിമ ഉത്തരമായി. കേരളത്തിൽ പന്തുതട്ടാൻ അർജൻറീന ഫുട്ബോൾ ടീമും ലയണൽ മെസിയും എത്തുമെന്ന് ഉറപ്പായി. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസിയും കേരളത്തിലെത്തുക. അർജന്റീന ടീമിന്‍റെ പ്രദര്‍ശന മത്സരം കൊച്ചിയിലായിരിക്കുമെന്നും ടീമിന്റെ സ്പോൺസർമാരായ എച്ച് എസ് ബി സി അറിയിച്ചു. 14 വര്‍ഷങ്ങൾക്കു ശേഷമാണ് അർജന്റീന ടീം ഇന്ത്യയിലെത്തുന്നത്. അതുകൊണ്ടുതന്നെ പ്രദർശന മത്സരം കൊച്ചിയെ ആവേശക്കടലാക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയിലെ ഫുട്ബോൾ വളർച്ച ലക്ഷ്യമിട്ടാണ് അര്‍ജന്റീനയുമായി എച്ച്എസ്ബിസി ഇന്ത്യ കരാറൊപ്പിട്ടിരിക്കുന്നത്. ‘‘പങ്കാളിത്തത്തിന്റെ ഭാഗമായി, ഇതിഹാസ താരം മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം കൊച്ചിയിൽ ഒരു സൗഹൃദ മത്സരം കളിക്കും.’’– എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ മെസിയും അർജന്‍റീനയും കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചിരുന്നു. അർജന്‍റീന ടീമിന്‍റെ കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്നാണ് കായിക മന്ത്രി വ്യക്തമാക്കിയത്. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്‍റെയും അനുമതിയും കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഏഴ് ദിവസം മെസിയും അര്‍ജന്‍റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്.
അർജന്റീന കേരളത്തിൽ മത്സരിക്കുന്നതിന്റെ ചെലവ് മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് തീരുമാനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് പോയിരുന്നു. ഈ സന്ദർശനത്തെ തുടർന്നാണ് അർജന്‍റീന തീരുമാനമെടുത്തത്. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്. ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളംസ്വാഗതം ചെയ്തത്. ഏകദേശം 100 കോടിയാണ് അർജന്‍റീന ടീം കേരളത്തിൽ കളിക്കാൻ വേണ്ടിവരുന്ന ചിലവ്. ഇത് സ്പോൺസർഷിപ്പിലൂടെ നേടാമെന്നാണ് പ്രതീക്ഷ.