
തിരുവനന്തപുരം: ലയണൽ മെസിയും അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. അർജന്‍റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും നവംബർ മാസത്തിൽ കേരളത്തിൽ വരുമെന്നാണ് സർക്കാരിനെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. മെസി ഡിസംബർ 12 ന് ഇന്ത്യ സന്ദര്‍ശിക്കുന്നതിൻ്റെ സ്ഥിരീകരണമായ വാര്‍ത്ത പുറത്തുവന്നതോടെയാണ് മന്ത്രി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
നവംബറിൽ സംസ്ഥാനത്ത് എത്തുന്ന അര്‍ജന്‍റീന ടീമിനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആ രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും മന്ത്രി പറഞ്ഞു.
ആദ്യത്തെ സ്പോൺസർ മാറിയപ്പോൾ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്പോൺസറോടും നവംബറിൽ വരുമെന്നാണ് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ അറിയിച്ചിട്ടുള്ളത്. താന്‍ സ്പെയിനിൽ പോയത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനെ കാണാൻ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് സ്പെയിനിലെ സ്പോർട്സ് കൗൺസിലുമായി ചർച്ചയ്ക്കാണ് പോയതെന്നും മന്ത്രി പറഞ്ഞു.