മെസി കേരളത്തിലേക്ക്; സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ, സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ്ണ തൃപ്‌തി

കൊച്ചി: കാൽപന്തുകളിയുടെ മിശിഹാ ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് കൊച്ചിയിലെത്തി. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. തിരിച്ച് ഇന്ന് തന്നെ അദ്ദേഹം അർജന്റീനയിലേക്ക് മടങ്ങും. മത്സരം നടത്തുന്ന കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ടീം മാനേജർ മടങ്ങുന്നത്.

അതേസമയം, സാധാരണക്കാർക്കും മെസിയെ കാണാൻ അവസരമൊരുക്കുന്ന രീതിയിൽ ആയിരിക്കും ക്രമീകരണം. റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടനുണ്ടാകും. മെസിയെ കൂടാതെ അർജന്റീന ടീമിൽ ആരൊക്കെ കളിക്കുമെന്ന കാര്യത്തിലും പ്രഖ്യാപനം ഉടനുണ്ടാകും. മത്സര തീയതിയും എതിർ ടീം ആരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി വി അബ്ദു റഹ്മാൻ അറിയിച്ചു.സന്ദർശനത്തിൽ അദ്ദേഹം പൂർണ്ണ സംതൃപ്തനാണെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടത്തുമെന്നും സ്റ്റേഡിയം ഒരു മാസത്തിനകം പൂർണ്ണ സജ്ജമാകുമെന്നും അബ്ദുറഹിമാൻ പറഞ്ഞു.

മന്ത്രിക്കൊപ്പം റിപ്പോര്‍ട്ടര്‍ ടിവി എം ഡി ആന്‍റോ അഗസ്റ്റിനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു ഷറഫലിയും ഗോകുലം ഗോപാലനും ഉണ്ടായിരുന്നു. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide