
ലയണൽ മെസ്സിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിലെത്തുന്നു. ടീം മാനേജര ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്കാണ് കൊച്ചിയിലെത്തുക .മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അർജന്റീന ടീം മാനേജർ വിലയിരുത്തും. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയില്‍ കേരളം സന്ദർശിക്കുന്ന അർജന്റീന ടീമിന്റെ താമസസൗകര്യം, ടീമിന്റെ മത്സരങ്ങൾ, താമസിക്കുന്ന ഹോട്ടൽ, ഭക്ഷണം, യാത്രകൾ മറ്റ് സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.
കേരളത്തിലെത്തുന്ന അർജൻ്റീന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.