നിര്‍ണായക നീക്കവുമായി മെറ്റ, കൗമാരക്കാരുടെ സുരക്ഷയ്ക്കായി ‘ടീന്‍ അക്കൗണ്ട്’ ഫീച്ചര്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ ആപ്പുകളില്‍ പ്രത്യേക സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചു.

‘ടീന്‍ അക്കൗണ്ട്’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത്. ഇന്ത്യയിലെ കൗമാരക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യംനല്‍കിയാണ് മെറ്റയുടെ ഈ തീരുമാനം. ഏപ്രില്‍ 11ന് മെറ്റ സംഘടിപ്പിച്ച ടീന്‍ സേഫ്റ്റി ഫോറത്തിലാണ് പ്രഖ്യാപനം നടത്തിയത്.

ഉപയോഗത്തിന് നിയന്ത്രണങ്ങളുള്ള, രക്ഷിതാക്കള്‍ക്കു നിരീക്ഷിക്കാന്‍ സാധിക്കുന്ന കുട്ടികള്‍ക്കായുള്ള സമൂഹമാധ്യമ അക്കൗണ്ടാണ് ടീന്‍ അക്കൗണ്ട്. ഇനി മുതല്‍ ഇന്ത്യയില്‍ 16 വയസ്സിനു താഴെയുള്ള മെറ്റ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളുടെ അക്കൗണ്ട് രക്ഷിതാക്കള്‍ക്ക് ഫാമിലി സെന്റര്‍ വഴി മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ഫീച്ചറില്‍ ഏറെ ആശ്വാസകരമായ ഒന്ന്. പ്രൈവറ്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടില്‍ അപരിചിതര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നതിനും സന്ദേശമയക്കുന്നതിനും നിയന്ത്രണമുണ്ട്. ഇത്തരം അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ ഉള്ളടക്കത്തിനും നിയന്ത്രണമുണ്ടാകും. ആക്രമണ, അശ്ലീല ഉള്ളടക്കങ്ങള്‍ ഫില്‍റ്റര്‍ ചെയ്യും. സൗന്ദര്യ വര്‍ധക ചികിത്സകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും ഉണ്ടാകില്ല.

ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മെറ്റയുടെ മൂന്ന് പ്ലാറ്റ്‌ഫോമുകളിലും ലൈവ് സ്ട്രീമിങിനു നിയന്ത്രണമുണ്ടാകും. ഇതിനും രക്ഷിതാവിന്റെ അനുവാദം വേണം. ആപ്പില്‍ കുട്ടികള്‍ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കപ്പെടും. ഒരു ദിവസത്തെ ഉപയോഗം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഉപയോഗം നിര്‍ത്താനുള്ള നോട്ടിഫിക്കേഷന്‍ വരും. കൂടാതെ, രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെ നോട്ടിഫിക്കേഷനുകളെല്ലാം നിശബ്ദമാക്കി സ്ലീപ്പ് മോഡിലായിരിക്കും.

More Stories from this section

family-dental
witywide