
തൃശ്ശൂര്‍: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ വിമർശനവുമായി ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത രംഗത്ത്. ‘എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?’ എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. വ്യാപക പ്രതിഷേധം എന്ന പത്ര വാർത്ത പങ്കുവെച്ചാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ബിജെപി സർക്കാരിന്റെ വിരുന്നുകളിലും ആദരിക്കൽ പരിപാടികളിലും പങ്കെടുക്കുന്ന സഭ നേതൃത്വത്തിനു കൂടിയാണ് അദ്ദേഹത്തിന്റെ വിമർശനം കൊള്ളുന്നത് എന്നാണ് വിലയിരുത്തൽ.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ചാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് അറസ്റ്റിലായ ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. സംഭവത്തിൽ കേരളത്തിലെ കത്തോലിക്കാ സഭകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.
കുറിപ്പ് ഇപ്രകാരം
എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡെൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?