ട്രംപിന്റെ വഴിയേ ക്ലൗഡിയയും, ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് കനത്ത പ്രഹരം, ഇറക്കുമതിക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്സിക്കോ

മെക്സിക്കോ സിറ്റി: ദേശീയ വ്യവസായത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ തീരുവ ചുമത്താൻ മെക്സിക്കൻ സെനറ്റ് അംഗീകാരം നൽകി. മെക്സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാറില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള 1400-ലധികം ഉൽപ്പന്നങ്ങൾക്കാണ് ഈ നിരക്ക് ബാധകമാവുക. ഓട്ടോമൊബൈലുകൾ, ഓട്ടോ പാർട്സ്, ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ തുടങ്ങിയവയ്ക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുന്ന ഈ നീക്കം 2026 മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമായും ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുണിത്തരങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഭൂരിഭാഗവും 35 ശതമാനം വരെ തീരുവയും ചിലതിന് 50 ശതമാനം വരെയും ഏർപ്പെടുത്തും. ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാകും. ചൈനയുമായുള്ള വൻ വ്യാപാര കമ്മി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോമിന്റെ നിർദേശപ്രകാരം നടപ്പാക്കുന്ന നടപടി യുഎസ് സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിലും കാണപ്പെടുന്നു.

ഈ തീരുവ വർധന ലോക വ്യാപാരത്തിൽ പുതിയ സംഘർഷങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കയറ്റുമതിക്കാർക്ക് മെക്സിക്കൻ വിപണിയിൽ വെല്ലുവിളികൾ ഉയരുമ്പോൾ ചൈനയും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സ്വന്തം വ്യവസായ മേഖലയെ ശക്തിപ്പെടുത്താനുള്ള മെക്സിക്കോയുടെ നീക്കം ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide