പ്രധാന ലക്ഷ്യം ചൈന, ഏഷ്യൻ രാജ്യങ്ങൾക്കെല്ലാം പണി, ട്രംപിനെ സന്തോഷിപ്പിക്കാനോ മെക്സിക്കൻ നീക്കം?വാഹനങ്ങൾക്ക് ഇനി 50% നികുതി

മെക്സിക്കോയുടെ പുതിയ വ്യാപാര നയപ്രകാരം, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടുള്ള ഈ നടപടി, ഇറക്കുമതി പരിഷ്കരണത്തിന്റെ ഭാഗമാണെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ 20 ശതമാനം മാത്രമുള്ള നികുതി ഉയർത്തുന്നതിലൂടെ, മെക്സിക്കോയിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനും, കുറഞ്ഞ വിലയുള്ള ചൈനീസ് വാഹനങ്ങളുമായുള്ള മത്സരം നേരിടാനുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക മന്ത്രി മാർസെലോ എബ്രാർഡ്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾക്കെതിരെയുള്ള നടപടിയാണിതെന്ന് വ്യക്തമാക്കി.

ഈ തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ചൈനയ്ക്കെതിരെ ‘എട്ടിന്റെ പണി’ നൽകുന്ന നീക്കമായി ഇതിനെ കാണാം. ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്കനുസൃതമായി ഈ നികുതി വർധന നടപ്പാക്കുമെന്നും അധികൃതർ പറയുന്നു. വാഹനങ്ങൾക്കു പുറമെ, സ്റ്റീൽ, തുണിത്തരങ്ങൾ, ഓട്ടോമൊബൈൽ ഭാഗങ്ങൾ തുടങ്ങിയ മേഖലകളിലും പുതിയ തീരുവകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മോട്ടോർസൈക്കിളുകൾക്ക് 35 ശതമാനവും, തുണിത്തരങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെയും നികുതി ബാധകമാകും. മെക്സിക്കോയുമായി വ്യാപാര കരാറില്ലാത്ത രാജ്യങ്ങളായ ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, റഷ്യ, തായ്‌ലൻഡ്, തുർക്കി എന്നിവയെ ഈ നയം പ്രത്യേകിച്ച് ബാധിക്കും. ഈ നടപടികൾ മെക്സിക്കൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, എങ്കിലും അന്താരാഷ്ട്ര വ്യാപാരത്തിൽ പുതിയ പിരിമുറുക്കങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

More Stories from this section

family-dental
witywide