വീൽചെയറിൽ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന ആദ്യ വ്യക്തിയായി മൈക്കീല ബെന്തൗസ്

ബഹിരാകാശ യാത്രയുടെ ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിടാൻ ബ്ലൂ ഒറിജിൻ ഒരുങ്ങുന്നു. ബ്ലൂ ഒറിജിൻ്റെ ബഹിരാകാശ യാത്രയിൽ ജർമൻ വ്യോമയാന എഞ്ചിനീയർ മൈക്കീല ബെന്തൗസും (Michaela Benthaus) ഭാഗമാകുന്നു. ഇതോടെ ബഹിരാകാശത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ വീൽചെയർ സഞ്ചാരിയായി മൈക്കീല ബെന്തൗസ് മാറുന്നു. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് റോക്കറ്റിലെ NS-37 ദൗത്യത്തിലാണ് മൈക്കീല യാത്ര ചെയ്യുന്നത്.

ഈ സബ്-ഓർബിറ്റൽ ദൗത്യത്തിൽ ഭൂമിയുടെ അന്തരീക്ഷം കടന്ന് ബഹിരാകാശ അതിർത്തി വരെ എത്തുന്ന യാത്രയിൽ മറ്റ് അഞ്ചുപേരും മൈക്കീല ബെന്തൗസിൻ്റെ കൂടെയുണ്ടാകും. 2018ൽ മലനിരകളിലൂടെ സൈക്കിൾ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലാണ് മൈക്കീലയുടെ സ്‌പൈനൽ കോർഡിന് പരിക്കേറ്റത്. അതിനുശേഷം അവർ വീൽചെയർ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ, വ്യോമയാന രംഗത്തെ തന്റെ കരിയർ അവർ തുടർന്നു. 2024ൽ യൂറോപ്യൻ സ്പേസ് ഏജൻസിയിൽ (ESA) യംഗ് ഗ്രാജുവേറ്റ് ട്രെയിനിയായും അവർ ചേർന്നു.

“2018 സെപ്റ്റംബറിൽ ഉണ്ടായ അപകടം എന്റെ ജീവിതം മാറ്റി. എന്നാൽ അത് എന്നെ കൂടുതൽ ശക്തയാക്കി, വ്യോമയാന രംഗത്തോടുള്ള പ്രതിബദ്ധത വർധിപ്പിച്ചു,” എന്നാണ് അവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നത്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ, പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണത്തിൽ, എല്ലാവർക്കും അവസരങ്ങൾ ഉറപ്പാക്കണം എന്നതാണ് അവരുടെ ലക്ഷ്യം. സീറോ ഗ്രാവിറ്റി അനുഭവപ്പെടുന്ന പരബോളിക് ഫ്ലൈറ്റുകളിലും, പോളണ്ടിലെ വീൽചെയർ സൗകര്യമുള്ള ലുനാരസ് റിസർച്ച് സ്റ്റേഷനിൽ നടന്ന അനലോഗ് ആസ്ട്രോനോട്ട് ദൗത്യത്തിലും മൈക്കീല പങ്കെടുത്തിട്ടുണ്ട്.

ലിങ്ക്ഡ്ഇനിൽ പങ്കുവച്ച കുറിപ്പിൽ, ഈ ബഹിരാകാശ യാത്ര ഇത്തരം ആളുകളെ ഉൾക്കൊള്ളുന്നതിലേക്കുള്ള ഒരു വലിയ മുന്നേറ്റമാണെന്ന് മൈക്കീല പറഞ്ഞു. “ഞാൻ ആദ്യത്തെയാളാകാം, പക്ഷേ അവസാനത്തെയാളാകില്ല,” എന്നും അവർ കുറിച്ചു. NS-37 ദൗത്യത്തിൽ, ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള കർമാൻ ലൈനാണ് കടക്കുന്നത്. ഇത് ബഹിരാകാശത്തിന്റെ ഔദ്യോഗിക അതിർത്തിയായി കണക്കാക്കപ്പെടുന്നു. ദൗത്യം ഏകദേശം 10–12 മിനിറ്റ് നീണ്ടുനിൽക്കും. ഇതിൽ കുറച്ച് മിനിറ്റ് ഭാരരഹിതാവസ്ഥയും അനുഭവപ്പെടും.

ഇതോടെ ബ്ലൂ ഒറിജിന്റെ 16-ാമത്തെ മനുഷ്യ ബഹിരാകാശ യാത്രയാണ് NS-37. ഇതിനകം ജെഫ് ബെസോസ്, നടൻ വില്യം ഷാറ്റ്നർ, ഗായിക കാറ്റി പെറി ഉൾപ്പെടെ 86 പേരെ കമ്പനി ബഹിരാകാശ അതിർത്തിക്ക് അപ്പുറം എത്തിച്ചിട്ടുണ്ട്. മൈക്കീലയോടൊപ്പം യാത്ര ചെയ്യുന്ന മുൻ സ്പേസ്‌എക്സ് ഉദ്യോഗസ്ഥൻ ഹാൻസ് കോനിഗ്സ്മാൻ, ബ്ലൂ ഒറിജിൻ ഈ ആശയത്തെ വളരെ അനുകൂലമായി സ്വീകരിച്ചതായി പറഞ്ഞു.

ബഹിരാകാശത്തിലേക്ക് പോകണമെന്ന ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു. പക്ഷേ അത് എനിക്ക് സാധ്യമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല എന്നാണ് ദൗത്യം അംഗീകരിച്ചതറിഞ്ഞപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് മൈക്കീല പറഞ്ഞത്. ഈ ദൗത്യത്തിലൂടെ സ്‌പൈനൽ കോർഡ് പരിക്കുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ബോധവത്കരണവും ഫണ്ട് ശേഖരിക്കാനും നടത്താനാണ് മൈക്കീലയും ഹാൻസും ലക്ഷ്യമിടുന്നത്. വിംഗ്സ് ഫോർ ലൈഫ് ഫൗണ്ടേഷനു വേണ്ടിയാണ് അവർ ഗോഫണ്ട്‌മി ക്യാമ്പയിൻ നടത്തുന്നത്.

Michaela Benthaus to become first wheelchair user to fly into space

More Stories from this section

family-dental
witywide