ഡൽഹി: ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മേഖലയിൽ ഏഷ്യയിലെ തന്നെ എക്കാലത്തെയും വലിയ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്. അടുത്ത നാല് വർഷത്തിനുള്ളിൽ 17.5 ബില്യൻ യുഎസ് ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് സിഇഒ സത്യ നാദെല്ല ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ ചരിത്ര നിക്ഷേപ പ്രഖ്യാപനം വന്നത്.
ഇന്ത്യയുടെ “എഐ ഫസ്റ്റ് ഫ്യൂച്ചർ” സാക്ഷാത്കാരത്തിന് ആവശ്യമായ ക്ലൗഡ്-എഐ ഇൻഫ്രാസ്ട്രക്ചർ, നൈപുണ്യ വികസനം, പുതിയ ഡാറ്റാ സെൻ്ററുകൾ, സ്വയംപര്യാപ്തത (sovereign capabilities) എന്നിവയ്ക്കാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. ഇതോടെ ഇന്ത്യയിൽ മൈക്രോസോഫ്റ്റിന് ഏറ്റവും വലിയ ഹൈപ്പർസ്കെയിൽ സാന്നിധ്യമുണ്ടാകും. നേരത്തെ ബെംഗളൂരുവിൽ 3 ബില്യൻ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രഖ്യാപനം അതിന് പുറമെയാണ്.
“ഇന്ത്യ ഇപ്പോൾ എഐ യാത്രയിലെ നിർണായക ഘട്ടത്തിലാണ്. സാങ്കേതികവിദ്യ സമഗ്ര വളർച്ചയ്ക്കും സാമ്പത്തിക പരിവർത്തനത്തിനും ഉത്തേജകമാകുന്നു. ലോകത്തെ മുൻനിര എഐ രാഷ്ട്രമായി ഇന്ത്യ ഉയർന്നുവരികയാണ്,” മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മാത്രം യുഎസ് ടെക് ഭീമന്മാരുടെ മൊത്തം നിക്ഷേപം 50 ബില്യൻ ഡോളറിന് മുകളിലെത്തുന്ന സാഹചര്യത്തിൽ ഇന്ത്യ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനുള്ള ഏറ്റവും മൂല്യമുള്ള വിപണിയായി മാറിയിരിക്കുകയാണ്.
ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം തുടരുന്നു. വിശാഖപട്ടണത്ത് ഗൂഗിളിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെൻ്ററും എഐ ഹബ്ബും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 15 ബില്യൻ ഡോളർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗൂഗിൾ നിക്ഷേപിക്കും. ആമസോണും ഒട്ടേറെ ഡാറ്റാ സെൻ്ററുകൾക്കായി വൻ തുക മാറ്റിവച്ചിട്ടുണ്ട്.
ഇന്ത്യയെ എഐ-ക്ലൗഡ് സൂപ്പർപവറാക്കി മാറ്റാനുള്ള ആഗോള ടെക് ഭീമന്മാരുടെ മത്സരത്തിനാണ് മൈക്രോസോഫ്റ്റിന്റെ 1.5 ലക്ഷം കോടി പ്രഖ്യാപനം ഏറ്റവും പുതിയ തെളിവ്. 2030-ഓടെ ഇന്ത്യയുടെ എഐ സമ്പദ്‌വ്യവസ്ഥ 1 ട്രില്യൻ ഡോളർ കടക്കുമെന്നാണ് പ്രവചനം. ഈ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ ബൂസ്റ്റ് ആകും ഈ നിക്ഷേപങ്ങൾ.












