അമേരിക്കയിൽ തേനീച്ച കൂടുകളുമായെത്തിയ ട്രക്ക് മറിഞ്ഞു; 250 ദശലക്ഷത്തിലേറെ തേനീച്ചകൾ രക്ഷപ്പെട്ടു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

ബെല്ലിംഗ്ഹാം: വടക്ക് പടിഞ്ഞാറൻ വാഷിംഗ്ടൺ സംസ്ഥാനത്ത് ഏകദേശം 250 ദശലക്ഷം തേനീച്ചകളുമായെത്തിയ ട്രക്ക് മറിഞ്ഞു. 70,000 പൗണ്ട് (31,751 കിലോഗ്രാം) തേനീച്ചക്കൂടുകൾ കയറ്റിക്കൊണ്ടുപോയ ട്രക്ക് പുലർച്ചെ 4 മണിയോടെ ലിൻഡന് സമീപമുള്ള കനേഡിയൻ അതിർത്തിക്ക് സമീപം മറിയുകയായിരുന്നുവെന്ന് വാട്ട്‌കോം കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മറിഞ്ഞ ട്രക്കിൽ നിന്ന് 250 ദശലക്ഷം തേനീച്ചകളാണ് പുറത്ത് കടന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

തേനീച്ചകളെ വീണ്ടെടുക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ അപകടം നടന്ന സ്ഥലം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ തേനീച്ച കൃഷി നടത്തുന്ന നിരവധിപ്പേർ എത്തിയതായും ഇത് ഗുണമായെന്നും അധികൃതർ വിശദീകരിച്ചു. ഒരു ഇടുങ്ങിയ വളവിൽ ഡ്രൈവർ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് ട്രക്ക് കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായെതെന്നാണ് കരുതുന്നതെന്ന് കൗണ്ടി എമർജൻസി മാനേജ്‌മെന്റ് വക്താവ് ആമി ക്ലൗഡ് വ്യക്തമാക്കി. ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ലെന്ന് ക്ലൗഡ് പറഞ്ഞു.

അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തേനീച്ചകളെ അവയുടെ കൂട്ടിലേക്ക് തിരികെ കൊണ്ടുപോയി റാണി തേനീച്ചയെ കണ്ടെത്താൻ അനുവദിക്കുക എന്നതാണ് പദ്ധതി. കഴിയുന്നത്ര തേനീച്ചകളെ രക്ഷിക്കുക എന്നതാണ് ലക്ഷ്യം. അതുവരെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. തേനീച്ചകളുടെ കുത്തേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മറിഞ്ഞ ലോറിക്ക് ചുറ്റും ധാരാളം തേനീച്ചകൾ പാറിപ്പറക്കുന്നതും വാഹനത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതും പൊലീസ് പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം.

More Stories from this section

family-dental
witywide