ഓണക്കാലത്ത് റെക്കോർഡ് വിൽപനയുമായി മിൽമ; ഉത്രാടം ദിനത്തിൽ മാത്രം വിറ്റഴിച്ചത് 38 ലക്ഷം ലിറ്റർ പാലും നാല് ലക്ഷം കിലോയോളം തൈരും

തിരുവനന്തപുരം: ഈ ഓണക്കാലത്ത് പാല്‍, തൈര്, പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. ഉത്രാടം ദിനത്തില്‍ മാത്രം 38.03 ലക്ഷം ലിറ്റര്‍ പാലും 3.97 ലക്ഷം കിലോ തൈരും മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചു. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് ഇക്കുറി ഉണ്ടായത്.

ഓഗസ്റ്റ് 1 മുതന്‍ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വില്‍പ്പന 863.92 ടണ്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 663.74 ടണ്‍ ആയിരുന്നു വില്‍പ്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടണ്‍ നെയ്യ് വിറ്റഴിച്ചതോടെ ആകെ വില്‍പ്പന 991.08 ടണ്ണായി ഉയര്‍ന്നു. ക്ഷീരോൽപന്നങ്ങളുടെ വിപണിയില്‍ മില്‍മ പ്രഥമസ്ഥാനം നിലനിര്‍ത്തുകയും ഓരോ വര്‍ഷവും വില്‍പ്പന വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്) ചെയര്‍മാന്‍ കെ എസ് മണി നന്ദി പറഞ്ഞു. മികച്ച നേട്ടം കൈവരിക്കാനായതില്‍ ഫെഡറേഷന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍, പ്രാദേശിക യൂണിയനുകള്‍, മാനേജ്മെന്‍റ്, ക്ഷീരകര്‍ഷകര്‍, മില്‍മ ജീവനക്കാര്‍, വാഹനങ്ങളിലെ വിതരണ ജീവനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

More Stories from this section

family-dental
witywide