സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മിൽമ പാലിൻ്റെ വില കൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം മിൽമ പാലിന് വില കൂടും. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കർഷകരുടെ ക്ഷേമം മുൻനിർത്തി നേരിയ വില വർധനയുണ്ടാകും. പാൽവില മിൽമ കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്‌ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.

വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മില്‍മ തിരുവനന്തപുരം മേഖല ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ് പറഞ്ഞു. 2022 ഡിസംബറിലായിരുന്നു മിൽമ അവസാനമായി പാലിന് വില വർധിപ്പിച്ചത്. ലിറ്ററിന് ആറ് രൂപയായിരുന്നു അന്ന് വർധിപ്പിച്ചത്. 2026 ജനുവരി മുതൽ പുതുക്കിയ പാൽ വിലയായിരിക്കും. ലിറ്ററിന് നാലു രൂപ വരെ കൂടാനാണ് സാധ്യത. നിലവിൽ മിൽമ പാൽ വില (ടോൺഡ് മിൽക്) ലീറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലീറ്റർ പാലാണ് മിൽമ കേരളത്തിൽ വിൽക്കുന്നത്.

Milma increases milk prices after local elections in the state