
മിൽമ പാലിൻ്റെ വില വർധനയിൽ അന്തിമ തീരുമാനം തിരുവനന്തപുരത്ത് നടക്കുന്ന ബോർഡ് യോഗത്തിൽ ഇന്നുണ്ടായേക്കും. യോഗത്തിൽ പാൽവില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ച ചെയ്യും. ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം. മൂന്നു മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
മധ്യ മേഖല ഒഴികെയുള്ള മറ്റു രണ്ട് മേഖലകളും വില വർധനവ് സംബന്ധിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് സൂചന. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു. വില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ.