
ബാങ്കോക്ക്: വീണ്ടും ആഗോള മികവിൽ കേരള ടൂറിസം. ടൂറിസം മേഖലയിലെ ആഗോള അംഗീകാരങ്ങളിലൊന്നായ ‘പാറ്റ ഗോള്‍ഡ്’ അവാര്‍ഡ് ഏറ്റുവാങ്ങി മന്ത്രി മുഹമ്മദ് റിയാസ്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡാണ് മന്ത്രി ഏറ്റുവാങ്ങിയത്.
തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനൊപ്പം നടന്ന പാറ്റ ഗോള്‍ഡ് അവാര്‍ഡ്‌സ് 2025 പരിപാടിയില്‍ മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റ ചെയര്‍ പീറ്റര്‍ സെമോണ്‍, പാറ്റ സിഇഒ എന്നിവരില്‍ നിന്ന് മന്ത്രി അവാര്‍ഡ് സ്വീകരിച്ചു.
കേരള ടൂറിസത്തിന്‍റെ മീം അധിഷ്ഠിത കാമ്പയിനാണ് പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ 2025ലെ സുവര്‍ണ പുരസ്കാരം ലഭിച്ചത്. ‘മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍’ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും 89,700 ലധികം ഇടപെടലുകള്‍ ഈ ക്യാമ്പെയ്‌നിലൂടെ കേരള ടൂറിസത്തിന് സാധിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ തയ്യാറാക്കിയ ഉള്ളടക്കങ്ങള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സഹകരണം, മലയാളത്തനിമയുള്ള നര്‍മ്മം തുടങ്ങിയവയൊക്കെയാണ് ക്യാമ്പെയ്ൻ വിജയത്തിലേക്കുള്ള ഘടകങ്ങളാണ്. ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷും പങ്കെടുത്തു. പാറ്റ ട്രാവല്‍ മാര്‍ട്ടിലെ കേരളത്തിന്റെ പവലിയന്‍ തായ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ നാഗേഷ് സിംഗ് ഉദ്ഘാടനം ചെയ്തു.