
കണ്ണൂര്‍ : ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നരേന്ദ്രമോദിയല്ല നരേന്ദ്ര ‘ഭീതി’ യാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഛത്തീസ്ഗഡ് വിഷയത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ബിജെപിയേയും കടന്നാക്രമിച്ച മന്ത്രി കേരളത്തിലെ ബിജെപിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാന്‍ കഴിയില്ലെന്നും കേക്ക് കൊടുത്ത് സന്ധിസംഭാഷണത്തിന് പോകുന്നവരുടെ അടിസ്ഥാനഗ്രന്ഥത്തില്‍ ആരൊക്കെയാണ് ശത്രുക്കള്‍ എന്ന് കൃത്യമായി എഴുതിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തി.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് നേരെയും മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുമുള്ള ആക്രമണം വര്‍ദ്ധിക്കുന്നുവെന്നും രാജ്യം ഇന്നുവരെ കാണാത്ത ജനവിരുദ്ധ നയങ്ങളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിലക്കയറ്റവും തൊഴില്ലായ്മയും വലിയ പ്രശ്നമായി മാറി. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. നരേന്ദ്ര ഭീതിയാണ്- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.