
പത്തനംതിട്ട: അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ അമൃതാനന്ദമയിയെ അഭിനന്ദിച്ചതില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. ചെങ്ങന്നൂരിലെ ഒരു പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. എന്റെ അമ്മ എനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയത്. എന്റെ അമ്മയുടെ പ്രായമുണ്ട്, ഞാൻ ആ സ്ഥാനത്താണ് അവരെ കണ്ടത്. ഞാൻ അമ്മയ്ക്ക് തിരിച്ചും ചുംബനം നൽകി. അമ്മയ്ക്ക് ഒരാള്‍ അങ്ങോട്ട് ഉമ്മ ആദ്യമായിട്ടാണ് കൊടുക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. അതേസമയം, സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്. സംവിധായകന്‍ പ്രിയനന്ദനന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് തുടങ്ങിയവർ രംഗത്തെത്തി.