തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയിൽ ചേരാൻ കരാര്‍ ഒപ്പിട്ടതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിത്. പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും ദേശീയ വിദ്യാഭ്യാസ നയത്തിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത് ഒരു സ്കൂൾ കെട്ടിടവും അടച്ചുപൂട്ടില്ല. ഒരു സ്കൂളും ലയിപ്പിക്കില്ല. പ്രധാനമന്ത്രിയുടെ പേരിൽ പദ്ധതി നടപ്പാക്കുന്നുവെന്നത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ രീതിയാണ്. സ്കൂളുകളുടെ ബോർഡിൽ പിഎം ശ്രീ എന്ന് ചേർക്കുന്നത് സാങ്കേതികം മാത്രമാണ്. ആർ എസ് എസ് നയങ്ങൾക്കെതിരായ പോരാട്ടം തുടരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നമുക്ക് അവകാശപ്പെട്ട ഫണ്ട് വേണ്ടെന്ന് വെയ്ക്കാനാവില്ല. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മറ്റ് വകുപ്പുകളും ഒപ്പിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പിഎം ഉഷയിൽ ഒപ്പിട്ടു. രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ സംസ്ഥാനം ഒപ്പിട്ടിട്ടുണ്ട്. പിഎം ശ്രീയിൽ ഒപ്പിട്ട കരാരിൽ അക്കാദമിക്ക് കാര്യങ്ങളിൽ ഒന്നും നിഷ്കർഷിച്ചിട്ടില്ല. എൻഇപിയുടെ ഭാഗമാണ് പി എം ശ്രീ പദ്ധതി. ചില ആശങ്കകൾ നേരത്തെ ഉണ്ടായിരുന്നു. ആ സംശയങ്ങളിൽ കേന്ദ്രവുമായി ചർച്ച നടത്തി. നേരിട്ട് താൻ തന്നെ ചർച്ച നടത്തി. എൽഡിഎഫിൽ ചർച്ച ചെയ്തോ ഇല്ലയോ എന്നറിയില്ല. ഞാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിൽ ഇല്ല. ബിനോയ് വിശ്വം പറഞ്ഞെങ്കിൽ ശരിയായിരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Minister V Sivankutty explains PM Shri; Kerala will get 1476 crores














