സംസ്ഥാന സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എസ് എസ് കെ ഫണ്ട് കിട്ടാനുള്ളത് സംബന്ധിച്ചായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയത്. പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ അറിയിച്ച മന്ത്രി സബ് കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും വ്യക്തമാക്കി. വിവരം അറിയിച്ചപ്പോൾ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
കൂടിക്കാഴ്ചയിൽ സമഗ്ര ശിക്ഷാ കേരളയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 1066.36 കോടി രൂപയാണ് 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളിലെ എസ്എസ്കെയുടെ കേന്ദ്ര ഫണ്ട്. ഇത് ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും, കുട്ടികളുടെ ഭാവിക്ക് വേണ്ടി നടപ്പിലാക്കുന്ന സമഗ്ര ശിക്ഷാ കേരള പദ്ധതിക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനും ഈ ഫണ്ട് വേഗത്തിൽ ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി അനുഭവപൂർവമായ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൻ ധൻ ഹോസ്റ്റലുകൾക്ക് ഉള്ള ആറ് കോടി രൂപയും മറ്റു ഹോസ്റ്റലുകളുടെ നവീകരണത്തിനായുള്ള മൂന്ന് കോടി രൂപയും അടിയന്തരമായി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. അതേസമയം വന്ദേഭാരത് ട്രെയിനിൽ കുട്ടികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ച വീഡിയോ ദക്ഷിണ റെയിൽവേ പേജിൽ പങ്കുവച്ചതിൽ സംഭവത്തിൽ അടിയന്തിര ഇടപെടൽ തേടി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. അന്വേഷണം നടത്തണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ സ്കൂളുകൾക്ക് അംഗീകാരം കിട്ടണമെങ്കിൽ സംസ്ഥാനത്തിന്റെ അംഗീകാരം വേണമെന്നും എൻഒസി ഏത് സമയം വേണമെങ്കിലും റദ്ദാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
Minister V. Sivankutty met with the Union Minister; verbally informed the Union Minister that the project has been frozen, and demands immediate release of SSK central share in one go










