
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എൻ വാസവൻ രംഗത്ത്. ആരോഗ്യമന്ത്രിയെ ശക്തമായി പിന്തുണച്ച വാസവൻ വിമർശനങ്ങൾ തള്ളിക്കളഞ്ഞു. ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ കോട്ടയം മെഡിക്കൽ കോളേജിലെ അപകടമെന്നായിരുന്നു വാസവന്‍റെ പരിഹാസം. ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണമെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും വാസവൻ ചോദിച്ചു. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകും. റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി ചോദിച്ചു. മാധ്യമ പ്രവർത്തകരോടാണ് മന്ത്രിയുടെ പരിഹാസം കലർന്നുള്ള പ്രതികരണം.
കർണാടകയിൽ ഐ പി എൽ വിജയാഘോഷത്തിനിടെ വലിയ അപകടമുണ്ടായി. അന്ന് ആരെങ്കിലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോയെന്നും വാസവൻ ചോദിച്ചു. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേൽ പരിഹരിക്കണമെന്നും വി എൻ വാസവൻ വ്യക്തമാക്കി.ഉമ്മൻചാണ്ടി സർക്കാർ കെട്ടിടം ശോചനീയവസ്ഥയിലെന്ന് റിപ്പോർട്ട് നൽകി. അന്ന് ഒന്നും ചെയ്തില്ല. എൽഡിഎഫ് സർക്കാർ വന്നു ആവശ്യമായ തുക വകയിരുത്തി. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി വിവരിച്ചു.
അതേസമയം കോട്ടയം ദുരന്തത്തിൽ വാസവനെതിരെയും ഇന്ന് പ്രതിഷേധമുയർന്നു. ആരോഗ്യ മന്ത്രി വീണജോർജിനെതിരെ ഇന്ന് സംസ്ഥാനത്താകെ പ്രതിഷേധം ശക്തമായിരുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.