പിണക്കം മാറ്റാൻ മന്ത്രിമാർ, രാജ് ഭവനിൽ നേരിട്ടെത്തി, ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചു; ഓണം ഘോഷയാത്രക്ക് ക്ഷണിച്ചു, ആർലേക്കർ പങ്കെടുത്തേക്തും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും രാജ്ഭവനിലെത്തി ഗവർണറെ ഔപചാരികമായി ക്ഷണിച്ചു. ഗവർണർക്ക് ഓണക്കോടി കൈമാറിയ മന്ത്രിമാർ, ഓണം ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഗവർണർ നിർവഹിക്കുമെന്നും അറിയിച്ചു. സർക്കാർ-രാജ്ഭവൻ ഏറ്റുമുട്ടലിനിടെ ഗവർണറെ ക്ഷണിക്കാത്തതിനെച്ചൊല്ലി ഉയർന്ന വിവാദത്തിന് പിന്നാലെയാണ് ഈ ക്ഷണം. നാളെ മുതൽ ഈ മാസം 9 വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആഘോഷങ്ങൾ മൂന്ന് വേദികളിലായി നടക്കും, ഏകദേശം ആയിരത്തോളം പരമ്പരാഗത കലാകാരന്മാർ പങ്കെടുക്കും. സംവിധായകനും നടനുമായ ബേസിൽ ജോസഫും തമിഴ് നടൻ ജയം രവിയും മുഖ്യാതിഥികളായിരിക്കും. ഓണം വാരാഘോഷത്തിന്റെ തുടക്കം നാളെ വൈകുന്നേരം മുഖ്യമന്ത്രി തിരിതെളിക്കുന്നതോടെ ആരംഭിക്കും. സാംസ്കാരിക പരിപാടികളും പരമ്പരാഗത കലാരൂപങ്ങളും ഉൾപ്പെടുത്തി ഉജ്ജ്വലമായ ഒരു ആഘോഷമാണ് സർക്കാർ ഒരുക്കുന്നത്.