ഗുരുതര കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസമെങ്കിലും ജയിലില്‍ക്കിടന്നാല്‍ മന്ത്രി സ്ഥാനം നഷ്ടമാകും; പ്രധാനമന്ത്രിക്ക് അടക്കം ബാധകമാകുന്ന ബില്ലുകള്‍ ഇന്നു ലോക്‌സഭയില്‍

ന്യൂഡല്‍ഹി : ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടും. ഇതിനുള്ള നിര്‍ണായക ഭേദഗതി ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കും.

കേന്ദ്രമന്ത്രിമാര്‍ 30 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന മന്ത്രിയെ നീക്കംചെയ്യാന്‍ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്യണം. പ്രധാനമന്ത്രി അഥവാ ശുപാര്‍ശ ചെയ്തില്ലെങ്കിലും 31ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. ഇനി പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കില്‍ രാജിവയ്ക്കണം. രാജിവച്ചില്ലെങ്കില്‍ 31ാം ദിവസം സ്ഥാനം തനിയെ നഷ്ടമാകും. 5 വര്‍ഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടാലാണ് ഈ നിയമം ബാധകമാകുക.

സംസ്ഥാനങ്ങളിലാണ് മന്ത്രിമാര്‍ ഇത്തരത്തില്‍ അറസ്റ്റിലാകുന്നതെങ്കില്‍ സ്ഥാനത്തുനിന്നു നീക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറോടു ശുപാര്‍ശ ചെയ്യണം. എന്നാല്‍, കേന്ദ്രഭരണപ്രദേശമെങ്കില്‍ രാഷ്ട്രപതിക്കാണു ശുപാര്‍ശ നല്‍കേണ്ടത്. മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കില്‍ സ്വയം രാജിവയ്ക്കണം. ഇല്ലെങ്കില്‍ പ്രധാനമന്ത്രിക്ക് സമാനമായി 31ാം ദിവസം പദവി തനിയെ നഷ്ടമാകും.

More Stories from this section

family-dental
witywide