ഇന്ത്യയിലും വിദേശത്തുമുള്ള പൗരന്മാർക്കായി വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ പുതുക്കിയ പതിപ്പും ഇ-പാസ്‌പോര്‍ട്ടും ആരംഭിച്ചു

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ (Passport Seva Programme – PSP) പുതുക്കിയ പതിപ്പ് വിജയകരമായി നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം. പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം (PSP V2.0), ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം (GPSP V2.0), കൂടാതെ ഇ-പാസ്‌പോര്‍ട്ടും ഇതിൽ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ പൗരന്മാര്‍ക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാകും.

പാസ്‌പോര്‍ട്ട് സേവനങ്ങളുടെ ഗുണമേന്മയും സാങ്കേതിക പുരോഗതിയും മെച്ചപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. PSP V2.0 രാജ്യത്തെ 37 പാസ്‌പോര്‍ട്ട് ഓഫീസുകളിലും, 93 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലുമും (PSK), 450 തപാല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലുമാണ് (POPSK) 2025 മേയ് 26-ന് നടപ്പാക്കിയത്. തുടര്‍ന്ന്, 2025 ഒക്ടോബര്‍ 28-ന് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ അംബാസിഡർ, കോണ്‍സുലേറ്റുകളിലുമാണ് GPSP V2.0 തുടക്കമായി.

പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളെയും ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കുന്ന സമഗ്ര സംവിധാനമാണ് പുതിയ PSP V2.0 പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കൃത്രിമബുദ്ധി (AI) അടിസ്ഥാനമാക്കിയ ചാറ്റ്, വോയിസ് ബോട്ട് സൗകര്യങ്ങളിലൂടെ അപേക്ഷ പൂരിപ്പിക്കല്‍, പരാതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പൗരന്‍മാര്‍ക്ക് തത്സമയം സഹായം ലഭിക്കും. എളുപ്പമുള്ള അപേക്ഷാ ഫോമുകള്‍, ലളിതമായ ഡോക്യുമെന്റ് അപ്ലോഡ്, UPI/QR കോഡ് പെയ്മെന്റ് തുടങ്ങിയ സൗകര്യങ്ങൾ പുതുക്കിയ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നു.

ഇതിനൊപ്പം ആരംഭിച്ച ഇ-പാസ്‌പോര്‍ട്ട് പദ്ധതി, മന്ത്രാലയത്തിന്റെ മറ്റൊരു പ്രധാന മുന്നേറ്റമാണ്. ഇതില്‍ ഡാറ്റാ സംരക്ഷണത്തിനായി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) ചിപ്പ്, ആന്റെന്ന തുടങ്ങിയ സംവിധാനങ്ങളുണ്ട്. പാസ്‌പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍ ചിപ്പില്‍ സുരക്ഷിതമായി സംഭരിക്കപ്പെടും, ഇതിലൂടെ വ്യാജപാസ്‌പോര്‍ട്ട് ഭീഷണി കുറയുകയും സുരക്ഷ വര്‍ദ്ധിക്കുകയും ചെയ്യും. ഇനി മുതല്‍ പുറപ്പെടുവിക്കുന്ന എല്ലാ പുതിയ പാസ്‌പോര്‍ട്ടുകളും ഇ-പാസ്‌പോര്‍ട്ടുകളായിരിക്കും, നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ സാധുവായിരിക്കും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്തിനകത്തും പുറത്തും സുരക്ഷിതവും സുഗമവുമായ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതികള്‍. PSP V2.0, GPSP V2.0, ഇ-പാസ്‌പോര്‍ട്ട് തുടങ്ങിയവയുടെ ആരംഭം, ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം ഉപയോഗിച്ച് പൗരന്മാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുമാണ് പദ്ധതിയിലൂടെ എടുത്തു കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Ministry of External Affairs launches revised version of Passport Seva Programme and e-Passport for citizens in India and abroad

More Stories from this section

family-dental
witywide