
അബുദാബി: യുഎഇയുടെ വടക്കൻ മേഖലകളിൽ ഇന്ന് പുലർച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. യുഎഇ സമയം പുലർച്ചെ 4.44-നാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഒമാന്റെ ഭാഗമായ തെക്കൻ മുസന്ദം മേഖലയിലാണ് ഭൂചലനം ഉണ്ടായത്. ഇത് ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു. റിക്ടർ സ്കെയിലിൽ 2.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ (പ്രധാനമായും റാസൽ ഖൈമ, ദിബ്ബ മേഖലകൾ) നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ റിപ്പോർട്ട് ചെയ്തു.
ഈ ഭൂചലനം മൂലം രാജ്യത്ത് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. സാഗ്രോസ് പർവതനിരകളോട് ചേർന്നുള്ള മേഖലയായതിനാൽ വടക്കൻ എമിറേറ്റുകളിൽ ഇത്തരം ചെറിയ പ്രകമ്പനങ്ങൾ ഇടയ്ക്കിടെ അനുഭവപ്പെടാറുണ്ട്. ഇതിനുമുമ്പ് 2025 നവംബർ 4-നും ഇതേ മേഖലയിൽ 4.6 തീവ്രതയുള്ള ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.
Minor earthquake hits northern parts of UAE; no casualties reported















