
പട്‌ന: ഇന്നലെ രാജ്യമാകെ തിരഞ്ഞ ഒരു പേരായിരുന്നു മിന്റ ദേവിയുടേത്.
പട്ടികയിലെ കള്ളവോട്ടുകള്‍ക്കെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷര്‍ട്ടിലെ മിന്റ ദേവിക്കുറിച്ച് അറിഞ്ഞവരില്‍ ചിരി പടര്‍ന്നു. കാരണം തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടര്‍ ഐഡി പ്രകാരം ഇവര്‍ക്ക് 124 വയസ്സാണ്. ഈ പിഴവ് അടക്കം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷനെതിരെ ഇന്ത്യാസഖ്യം ഇന്നലെ പ്രതിഷേധിച്ചിരുന്നു. അതിനായി മിന്റ ദേവിയുടെ ചിത്രം പതിപ്പിച്ച ടി ഷര്‍ട്ടായിരുന്നു പ്രതിപക്ഷം ധരിച്ചത്.
എന്നാലിതാ ആ പ്രതിഷേധത്തിനെതിരെ അവര്‍ രംഗത്തെത്തി. തന്റെ പേരും മുഖചിത്രവും ടി ഷര്‍ട്ടില്‍ പതിപ്പിച്ച് അതുധരിച്ച് തന്നെ എതിര്‍ക്കാന്‍ പ്രിയങ്കാ ഗാന്ധി ആരാണ്? എന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചത്. ഇന്നലെ രാവിലെ മുതല്‍ താന്‍ പ്രശ്നങ്ങള്‍ നേരിടുകയാണെന്നും തനിക്ക് നിരവധി ഫോണ്‍ കോളുകള്‍ വരുന്നുവെന്നും അവര്‍ ആശങ്ക പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും മിന്റ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
35 വയസ്സുള്ള മിന്റ ദേവിക്ക് 124 വയസ്സായെന്ന് കമ്മിഷന്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചര്‍ച്ചയായി. 124 വയസ്സുള്ള ആദ്യ വോട്ടർ’ എന്ന് പരിഹസിച്ചായിരുന്നു സമരം. വോട്ടർ പട്ടികയിലെ ഈ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി, ബിഹാറിലെ പ്രത്യേക തീവ്ര പുനരവലോകന (SIR) നടപടികൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുപോലുള്ള നിരവധി കേസുകളുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ടീ ഷർട്ട് ധരിച്ച് പ്രതിഷേധിച്ചവരിൽ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. വോട്ടർ പട്ടികയിലെ മേൽവിലാസങ്ങളും ബന്ധുക്കളുടെ പേരുകളും വ്യാജമാണെന്ന് അവർ ആരോപിച്ചു.
സിവാന്‍ ജില്ലയിലെ മിന്റ ദേവിക്ക് 124 വയസ്സ്, ഭാഗല്‍പൂര്‍ ജില്ലയിലെ ആശാദേവിക്ക് 120 വയസ്സ്, ഗോപാല്‍ ഗഞ്ച് ജില്ലയിലെ മനദൂരിയ ജില്ലയിലെ ഒരാൾക്ക് 119 വയസ്സ് എന്നിങ്ങനെ പ്രായം തെറ്റായി രേഖപ്പെടുത്തിയ വിവരങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അച്ചടി പിശക് മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം. സിവാൻ ജില്ലയിലെ ദരൗണ്ട മണ്ഡലത്തിലെ വോട്ടറായ മിന്റ ദേവിയുടെ അപേക്ഷാ ഫോമിലുണ്ടായ പിഴവാണ് പ്രായം 124 ആയി രേഖപ്പെടുത്താൻ കാരണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇലക്ട്രൽ റോൾ പുതുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.