പ്രാർഥനകൾ വിഫലം: കാണാതായ 3 വയസ്സുകാരി കല്യാണിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നു പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

വൈകിട്ട് മൂന്നരയോടെ അമ്മ സന്ധ്യ മറ്റക്കുഴിയിലെ വീട്ടിൽ നിന്ന് തിരുവാങ്കുളത്തുള്ള അങ്കണവാടിയിലെത്തി കുട്ടിയെ കൂട്ടി. വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീടായ ആലുവയ്ക്കടുത്ത് കുറുമശേരിയിലേക്ക് പോയി.

ഏഴു മണിയോടെ അമ്മ വീട്ടിൽ വന്നു കയറുമ്പോൾ കുട്ടി കൂടെയില്ല. കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് ആലുവയിൽ വച്ച് കാണാതായെന്നാണ് മറുപടി നൽകിയത്. വീട്ടുകാരുടെയും മറ്റും നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്ന് പരസ്പര വിരുദ്ധമായ മറുപടികളാണ് വന്നത്.

എട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിക്കുന്നു. അവർ അന്വേഷണമാരംഭിക്കുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുറുമശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടത്ത് ഉപേക്ഷിച്ചെന്ന് അമ്മയുടെ മറുപടി. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിക്കുന്നു. ഇതിനിടെ, മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുന്നു.

അന്വേഷണം ശക്തമാക്കുന്നു. കുട്ടിയുടെ പിതാവും സ്ഥലത്തേക്ക് എത്തി. അമ്മയ്ക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അയൽക്കാർ പറഞ്ഞു. ആലുവ ഡിവൈഎസ്പി പാലത്തിന്റെ താഴെയിറങ്ങി പരിശോധന നടത്തി. ആഴമുള്ള സ്ഥലമായതിനാൽ സ്കൂബ ടീമിനെ വിളിക്കാൻ തീരുമാനം. രാത്രി 12.45ഓടെ ആലുവയിൽ നിന്നുള്ള യു.കെ. സ്കൂബ ടീം എത്തി. ഒരു മണിയോടെ സ്കൂബ ടീം ചാലക്കുടി പുഴയിൽ തിരച്ചിൽ ആരംഭിച്ചു

വെളുപ്പിനെ 2 മണിക്കു ശേഷവും തിരച്ചിൽ തുടരുന്നു. വെള്ളത്തിനടയിൽ കിടക്കുന്ന മരക്കഷ്ണങ്ങളും മഴയും ഇരുട്ടും തിരച്ചിലിന് വെല്ലുവിളി. വെളുപ്പിനെ 2 മണിയോടെ ഫയർ ഫോഴ്സിന്റെ സ്കൂബ ടീമും രംഗത്ത്. അവർ വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയ സമയത്തു തന്നെ ആലുവയിൽ നിന്നുള്ള സ്കൂബ സംഘത്തിന്റെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു.

Missing 3-year-old Kalyani’s body found in river

More Stories from this section

family-dental
witywide