അലാസ്കയിൽ അപ്രത്യക്ഷമായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി, പൈലറ്റടക്കം മുഴുവൻ യാത്രക്കാർക്കും ജീവൻ നഷ്ടമായി

ന്യൂയോർക്ക്: അമേരിക്കയിലെ അലാസ്‌കയിൽ കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്ന്‌ തകർന്ന്‌ വീണ നിലയിലാണ്‌ വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത്‌ പേരും മരിച്ച നിലയിലാണ്‌. ഉനലക്ലീറ്റിൽ നിന്ന്‌ നോമിലേക്ക്‌ പോയ വിമാനമാണ്‌ അപകടത്തിൽപ്പെട്ടത്‌. ഒൻപത്‌ യാത്രക്കാരും ഒരു പൈലറ്റും ഉണ്ടായിരുന്ന ബെറിങ്‌ എയറിന്റെ സെസ്ന കാരവൻ ക്രാഫ്റ്റായിരുന്നു അപകടത്തിൽപ്പെട്ടത്.

വാഴാഴ്‌ച ഉച്ച കഴിഞ്ഞ്‌ വിമാനത്തിന്റെ സിഗ്‌നൽ നഷ്‌ടപ്പെടുകയായിരുന്നുവെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മൂന്ന്‌ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ്‌ റിപ്പോർട്ടുകൾ പറയുന്നത്.അമേരിക്കയിൽ ഒരാഴ്ചക്കിടെ ഉണ്ടായ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്‌. ജനുവരി 29 ന് വാഷിങ്ടണിലും 31 ന് ഫിലാഡൽഫിയയിലും വിമാനാപകടങ്ങളുണ്ടായിരുന്നു. വാഷിങ്‌ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചപ്പോൾ ഫിലാഡൽഫിയയിൽ ഏഴ്‌ പേരാണ് മരിച്ചത്.

More Stories from this section

family-dental
witywide