മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോയെ മോചിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍, അന്വേഷണം

ഭോപ്പാല്‍: ഈ മാസം ആദ്യം മുതല്‍ കാണാതായ ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ഛത്തീസ്ഗഡിലെ ബിജാപൂരിലെ ചട്ടന്‍പാറ ബസ്തിയിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. എന്‍ഡിടിവിയില്‍ അടക്കം വാര്‍ത്തകള്‍ നല്‍കുന്ന മുകേഷ് ചന്ദ്രക്കറാണ് മരിച്ചത്.

തലയിലും മുതുകിലും ഒന്നിലധികം മുറിവുകളോടെ മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത് കോണ്‍ക്രീറ്റിട്ട് സീല്‍ ചെയ്ത സെപ്റ്റിക് ടാങ്കില്‍ നിന്നാണെന്ന് ബിജാപൂര്‍ പൊലീസ് സ്ഥിരീകരിച്ചു. മൃതശരീരത്തിന് പഴക്കമുണ്ടായിരുന്നതിനാല്‍ മുകേഷ് ധരിച്ച വസ്ത്രമാണ് തിരിച്ചറിയാന്‍ സഹായിച്ചത്. സുരേഷ് ചന്ദ്രക്കര്‍ എന്ന കരാറുകാരന്റെ വീടിന് സമീപമായിരുന്നു മുകേഷിന്റെ അവസാനത്തെ മൊബൈല്‍ ലൊക്കേഷനെന്ന് തിരിച്ചറിഞ്ഞ് പരിശോധിച്ച പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കരാറുകാരന്റെ ജീവനക്കാര്‍ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. സുരേഷ് ചന്ദ്രക്കറടക്കം നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, മുകേഷിന്റെ മരണവുമായി അദ്ദേഹത്തിന്റെ ഏതെങ്കിലും സമീപകാല റിപ്പോര്‍ട്ടുകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.

ബസ്തര്‍ മേഖലയിലെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബസ്താര്‍ ജംഗ്ഷന്‍ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും മുകേഷിനുണ്ടായിരുന്നു. 1.59 ലക്ഷം സബ്സ്‌ക്രൈബര്‍മാരുടെ പിന്തുണയും ഈ ചാനലിനുണ്ടായിരുന്നു. നിര്‍ഭയമായ റിപ്പോര്‍ട്ടിംഗിന് പേരുകേട്ട മുകേഷ്, 2021 ഏപ്രിലില്‍, മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കോബ്രാ കമാന്‍ഡോ രാകേശ്വര്‍ സിംഗ് മാന്‍ഹാസിനെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ‘കുറ്റവാളിയെ വെറുതെവിടില്ലെന്ന്’ ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide