
കൊച്ചി : ഇന്നലെ വിടപറഞ്ഞ പ്രൊഫസര്‍ എംകെ സാനുമാഷിന് കേരളം ഇന്ന് യാത്രാമൊഴിയേകും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സാനുമാഷിന്റെ സംസ്‌കാരം. ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം ഇടപ്പള്ളി അമൃത ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഒമ്പത് മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം ആരംഭിച്ചിരുന്നു. 10 മണി മുതല്‍ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്.
അദ്ദേഹം ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന എം.കെ സാനു ഇന്നലെ വൈകുന്നേരം 5:35നാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ വീണ് ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ശ്വാസ തടസ്സവും ന്യൂമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
പതിനാലു വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപനായി പ്രവര്‍ത്തിച്ചിരുന്നു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തിലും നിന്ന് വിരമിച്ചു. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്. 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.