
മുസഫര്‍പൂര്‍: ബിഹാറിലെ വോട്ടർ അധികാർ യാത്രയിൽ അണിചേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ട് കൊളളയ്‌ക്കെതിരെ നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പതിനൊന്ന് ദിവസം പിന്നിട്ട് ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലൂടെയാണ് ഇന്ന് യാത്ര കടന്നുപോകവേയാണ് സ്റ്റാലിനും ഭാഗമായത്.

ഇന്ത്യയുടെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി ബിഹാര്‍ വീണ്ടും മാറിയിരിക്കുകയാണ്. വോട്ടര്‍മാരെ ഇല്ലാതാക്കിയോ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്‌തോ ബിജെപിക്ക് ജനശക്തിയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്‍ഡ്യാ സഖ്യം ജനിച്ചത് ബിഹാറിലാണെന്നും അതുപോലെ ബിജെപിയുടെ ധാര്‍ഷ്ട്യം കുഴിച്ചുമൂടപ്പെടുന്നതും ബിഹാറിലായിരിക്കുമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും തേജസ്വി യാദവിനുമൊപ്പമുളള ചിത്രങ്ങളും സ്റ്റാലിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് ഇന്ന് യാത്ര നയിച്ചത്. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധിയും യാത്രയില്‍ ഇന്ന് അണിചേർന്നു.

ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോ എന്നും ഇന്നത്തെ യാത്രയിൽ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നും ഇനി ഇതിനും താന്‍ സത്യവാങ്മൂലം തരേണ്ടി വരുമോയെന്നും അദ്ദേഹം ചോദിച്ചു.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടുത്ത ദിവസങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാവും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ നടക്കുന്ന മഹാറാലിയോടെയാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുക. ഈ വര്‍ഷം അവസാനമാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.