രണ്ടാമത്തെ ലൈംഗിക പീഡനകേസിലും അറസ്റ്റ് തടയാൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കോടതി ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും ജാമ്യം തേടി രാഹുൽ കോടതിയെ സമീപിച്ചത്. രണ്ടാമത്തെ കേസിലും അറസ്റ്റ് തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിൽ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അറസ്റ്റ് തടയുന്നത് സാധാരണ നടപടിയാണ്. പ്രതി ഉന്നയിച്ച വാദങ്ങൾ കേൾക്കണം ഹൈക്കോടതി പറഞ്ഞു. കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടരുതെന്നും പ്രോസിക്യൂഷനും വാദങ്ങളുന്നയിക്കാമെന്നും കോടതി പറഞ്ഞു.
ആദ്യ കേസിലെ അറസ്റ്റ് മാത്രം ഹൈക്കോടതി തടഞ്ഞിരിക്കുന്നതിനാൽ രണ്ടാം കേസിൽ പൊലീസിന് അറസ്റ്റിന് തടസമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ കോടതി ഹര്‍ജി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.
വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് രാഹുൽ കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടാമത്തെ പരാതി എത്തിയത് കെപിസിസി അധ്യക്ഷന് മുന്നിലാണ്. അദ്ദേഹം അത് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. ഡിജിപിയുടെ നിര്‍ദേശപ്രകാരം കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും അതിൽ എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തിട്ടുള്ളതെന്ന് രാഹുൽ ഹർജിയിൽ പറയുന്നു.
അതേസമയം, പത്താംദിനവും രാഹുലിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. എന്നാൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ രാഹുൽ ഫോൺ ഓണാക്കിയിരുന്നു.
MLA Rahul Mamkootathil seeks anticipatory bail in second rape case











