
തിരുവനന്തപുരം : ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിനൊപ്പം നിയമസഭയിൽ എത്തിയ രാഹുൽ പ്രത്യേക ബ്ലോക്കിലാവും ഇരിക്കുക. പ്രതിപക്ഷ നിരയിലെ പിൻബഞ്ചിലാണ് സ്ഥാനം. സിപിഎം വിട്ട പി.വി.അന്‍വറിനു നല്‍കിയ സീറ്റാണ് ഇപ്പോള്‍ രാഹുലിന് നല്‍കിയിരിക്കുന്നത്. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാല്‍ രാഹുല്‍ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്. ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുൽ. പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കു സഭ അനുശോചനം അർപ്പിച്ചു. ഇതു മാത്രമാണ് ഇന്നത്തെ നടപടി. വി എസിന്റെ മകൻ വി എ അരുൺ കുമാർ സഭയിലെ സന്ദർശക ഗ്യാലറിയിൽ എത്തിയിരുന്നു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമായാണ് സഭ ചേരുക. ആകെ 13 ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്കെത്തുക.














