എംഎല്‍സി എല്‍സ 3 കപ്പൽ അപകടം; ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി

കൊച്ചി: കേരള തീരത്ത് വെച്ച് എംഎല്‍സി എല്‍സ കപ്പല്‍ അപകടത്തില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്നും ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി അറിയിച്ചു. 9,531 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടായിരുന്നു നഷ്ടപരിഹാര തുക നല്‍കില്ല എന്ന് അറിയിച്ചത്. കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമര്‍പ്പിച്ചത് അതിശയോക്തി കലര്‍ത്തിയ കണക്കാണെന്നും കപ്പല്‍ കമ്പനി ഹൈകോടതിയില്‍ വാദിച്ചു. കപ്പലപകടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് അടിഞ്ഞതെന്നും അത് കമ്പനി തന്നെ നീക്കം ചെയ്തു എന്നും മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി കോടതിയോട് വ്യക്തമാക്കി.

അപകടം നടന്നത് രാജ്യ അതിര്‍ത്തിക്ക് പുറത്താണ്. കപ്പലില്‍ നിന്ന് ഇന്ധന ചോര്‍ച്ച ഉണ്ടായിട്ടില്ല. കടലില്‍ ഇന്ധനം കലര്‍ന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇന്ധന ചോര്‍ച്ച മൂലമുള്ള പരിസ്ഥിതി ആഘാതം ചോദ്യം ചെയ്യാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് ആണ് അവകാശം എന്നും മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.

മത്സ്യബന്ധന നഷ്ടം സംസ്ഥാനത്തിന് ആവശ്യപ്പെടാനാവില്ലെന്നും മത്സ്യബന്ധന നിരോധനത്തിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തില്‍ മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി വിശദീകരിച്ചു. 87 പേജുകളുള്ള സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും കപ്പല്‍ കമ്പനി തള്ളുകയായിരുന്നു.

More Stories from this section

family-dental
witywide