കന്യാസ്ത്രീകള്‍ക്കെതിരെ ആൾക്കൂട്ട വിചാരണ; പൊലീസ് ഇടപെട്ടില്ല, പ്രശ്നം സഭയിൽ ഉന്നയിക്കാൻ കേരളത്തിലെ എംപിമാർ

ന്യൂഡൽഹി∙ കന്യാസ്ത്രീകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ സംഘർഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം.ആൾക്കൂട്ട വിചാരണക്ക് സമാനമായ അന്തരീക്ഷമാണ് കന്യാസ്ത്രീകൾ നേരിട്ടത്. റെയിൽവേ സ്റ്റേഷനിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിൽ നിന്ന് അത് വ്യക്തമാണ്. ബജ്‌റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രദേശത്തെ ബജ്‌റങ്ദൾ നേതാവായ ഒരു സ്ത്രീ കന്യാസ്ത്രീകൾക്ക് ഒപ്പമുള്ള പെൺകുട്ടികളോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ചാണ് 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രിയിലേക്കും ഓഫിസിലേക്കും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളുടെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റെയിൽവേ ഉദ്യോഗസ്ഥരിൽ ചിലർ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു.

പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്. മതപരിവർത്തന കുറ്റം ചുമത്താനും ശ്രമമുണ്ടെന്നു സഭാ വൃത്തങ്ങൾ ആരോപിക്കുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അവർ സിഎസ്ഐ ക്രിസ്ത്യൻ വിഭാഗത്തിപ്പെട്ട കുട്ടികളാണെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചു.

കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. വിഷയം ഇന്ന് പാർലമെന്റിലും ഉയർത്താനുള്ള നീക്കത്തിലാണു കേരളത്തിൽനിന്നുള്ള എംപിമാർ. ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി.

അതേ സമയം നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ബജ്റങ്ദൾ ആരോപിക്കുന്നു. രാജ്യത്ത് ട്രെയിനിൽ സ്വന്തം ഇഷ്ട പ്രകാരം ജോലിക്കു വേണ്ടി യാത്ര ചെയ്യാൻ എത്തിയ പെൺകുട്ടികളെയാണ് നിയമനിർവഹണ സംവിധാനത്തിൻ്റെ ഭാഗമല്ലാത്ത ഒരു കൂട്ടം തടഞ്ഞു വച്ച് വിചാരണ നടത്തിയിരിക്കുന്നത്.

പെൺകുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്. ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് ആരോപിച്ചു.

Mob lynching against nuns supported by BJP in North India

More Stories from this section

family-dental
witywide